Posts

Showing posts from September, 2023

മനസ്സിലെ വാതിലുകൾ

                       ഒ രു അർത്ഥവും ഇല്ലാത്ത എന്തൊക്കെയോ ചിന്തിച്ചുകൊണ്ട്  അവളങ്ങനെയിരുന്നു. എല്ലാം മറന്നു അങ്ങനെ ആ ജനാലയ്ക്കരികിലിരുന്നു  ആകാശം കാണുന്നതിനിടെ ഒരു സുന്ദരമായ കൊട്ടാരം അവൾക്ക് തെളിഞ്ഞു  വന്നു. അത് അവളുടെ തന്നെ ‘മനസ്സ്’ ആയിരുന്നു.                       അകത്തേക്ക് കയറിയപ്പോൾ ആകെ ഒരു പുകമറ പോലെയാണ് അവൾക്ക് തോന്നിയത്. അവൾ കണ്ണുകൾ വിടർത്തി നോക്കി മുൻപോട്ടു നടന്നു.  ഒരു നേരിയ വെളിച്ചം അവിടെ രൂപപ്പെട്ടു. അപ്പോൾ ഒരു വലിയ വാതിൽ  ദൃശ്യമായി. അവളെ സ്വാഗതം ചെയ്യുന്ന വണ്ണം അത് പതിയെ മലർക്കെ തുറന്നു.  ദീർഘകാലം തുറന്നിട്ടേയില്ലെന്ന് തോന്നും വിധം വലിയ ഞരക്കത്തോടെ  മാറാലകൾ പൊട്ടിച്ച് പൊടിപടലങ്ങളോടെയാണ് അത് തുറന്നത്. ‘ശരിയാണ്!,  സ്വന്തം മനസ്സിലേക്ക് ചെറുതായെങ്കിലും ഒന്നു കണ്ണോടിച്ചിട്ടു നാളേറെയായി! ഈ  ഓട്ടപ്പാച്ചിലിനിടക്ക് എവിടെ സമയം? ഇപ്പോൾ ഈ ഒരൽപസമയം      വീണുകിട്ടിയതുകൊണ്ട്..!’ അവളോർത്തു. നല്ല പൊക്കമുള്ള ആ വാതിൽപ്പടി  കടന്ന് അവൾ അകത്തേക്ക് കയറി. അവിടുത്തെ കാഴ്ച്ചകൾ  അതിശയിപ്പിക്കുന്നതായിരുന്നു. വളരെ വിസ്തൃതമായ ഒരു ഉദ്യാനത്തെ  പോലെയുള്ള ഒരിടം! “അതിമനോഹരം!” അവളറിയാതെ പറഞ്ഞുപോയി.