മനസ്സിലെ വാതിലുകൾ
ഒരു അർത്ഥവും ഇല്ലാത്ത എന്തൊക്കെയോ ചിന്തിച്ചുകൊണ്ട്
അവളങ്ങനെയിരുന്നു. എല്ലാം മറന്നു അങ്ങനെ ആ ജനാലയ്ക്കരികിലിരുന്നു
ആകാശം കാണുന്നതിനിടെ ഒരു സുന്ദരമായ കൊട്ടാരം അവൾക്ക് തെളിഞ്ഞു
വന്നു. അത് അവളുടെ തന്നെ ‘മനസ്സ്’ ആയിരുന്നു.
അകത്തേക്ക്
കയറിയപ്പോൾ ആകെ ഒരു പുകമറ പോലെയാണ്
അവൾക്ക് തോന്നിയത്. അവൾ കണ്ണുകൾ വിടർത്തി നോക്കി മുൻപോട്ടു നടന്നു.
ഒരു നേരിയ വെളിച്ചം അവിടെ രൂപപ്പെട്ടു. അപ്പോൾ ഒരു വലിയ വാതിൽ
ദൃശ്യമായി. അവളെ സ്വാഗതം ചെയ്യുന്ന വണ്ണം അത് പതിയെ മലർക്കെ തുറന്നു.
ദീർഘകാലം തുറന്നിട്ടേയില്ലെന്ന് തോന്നും വിധം വലിയ ഞരക്കത്തോടെ
മാറാലകൾ പൊട്ടിച്ച് പൊടിപടലങ്ങളോടെയാണ് അത് തുറന്നത്. ‘ശരിയാണ്!,
സ്വന്തം മനസ്സിലേക്ക് ചെറുതായെങ്കിലും ഒന്നു കണ്ണോടിച്ചിട്ടു നാളേറെയായി! ഈ
ഓട്ടപ്പാച്ചിലിനിടക്ക് എവിടെ സമയം? ഇപ്പോൾ ഈ ഒരൽപസമയം
വീണുകിട്ടിയതുകൊണ്ട്..!’ അവളോർത്തു. നല്ല പൊക്കമുള്ള ആ വാതിൽപ്പടി
കടന്ന് അവൾ അകത്തേക്ക് കയറി. അവിടുത്തെ കാഴ്ച്ചകൾ
അതിശയിപ്പിക്കുന്നതായിരുന്നു. വളരെ വിസ്തൃതമായ ഒരു ഉദ്യാനത്തെ
പോലെയുള്ള ഒരിടം! “അതിമനോഹരം!” അവളറിയാതെ പറഞ്ഞുപോയി.
വളരെ വീതിയുള്ള ഒരു നടപ്പാത, അതിമനോഹരങ്ങളായ കല്ലുകൾ
പാകി മനോഹരമാക്കിയിരിക്കുന്നു. നടപ്പാതയ്ക്ക് മുകളിലായി സുന്ദരമായ
മേൽക്കൂരയും. മേൽക്കൂരയിലും തൂണുകളിലും പതിപ്പിച്ചിട്ടുള്ള രത്നക്കല്ലുകൾ
കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. ആ നടപ്പാത അനന്തതയിലേക്ക് നീണ്ടു നിവർന്നു
കിടക്കുന്നു. പൂത്തുനില്ക്കുന്ന അനേകായിരം വള്ളിച്ചെടികൾ സുവർണ
ശോഭയുള്ള ആ തൂണുകൾക്കും മേൽക്കൂരക്കും ഭംഗി കൂട്ടുന്നു. “ഹായ്! ഇത്
സ്വർഗ്ഗമോ!” അവൾ അത്ഭുതം കൂറി. മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം
തിരയടിക്കുന്നു. ആ പൂക്കളുടെ മനം മയക്കുന്ന സുഗന്ധവും നുകർന്നു
കൊഴിഞ്ഞുവീണ പൂവിതളുകളിൽ ചവിട്ടി അത്യധികം ആനന്ദത്തോടെ അവൾ
മുൻപോട്ടു നീങ്ങി.
അവൾ നടത്തം തുടർന്നുകൊണ്ടേയിരുന്നു. ആ നടപ്പാത
അനന്തമായിരുന്നു. എന്നാൽ വീണ്ടും വാതിലുകൾ ഉണ്ടായിരുന്നു, അനേകം.
കുറേച്ചെന്നപ്പോൾ ഒരു ഭംഗിയുമില്ലാത്ത ഒരു വാതിൽ കണ്ടു. വിഷമമുണ്ടാക്കുന്ന
കാര്യങ്ങൾ മാത്രം കുത്തിനിറച്ച ഇടമായിരുന്നു അവിടെ. ആ വാതിലും ഇടവും
വളരെ പരിചിതമായി അവൾക്ക് തോന്നി. അതിനുള്ള കാരണവും പെട്ടെന്ന് തന്നെ
അവൾക്ക് മനസ്സിലായി. എപ്പോഴും താൻ ഓടിവന്നു കയറുന്ന ഇടം. ബാക്കിയുള്ള
മനോഹരമായ ഇടങ്ങളും കാഴ്ചകളും ഒഴിവാക്കി ഏതോ കുറുക്കുവഴിയിലൂടെ
താനെപ്പോഴും എത്തിയിരുന്ന മനസ്സിലെ ഈ ഇടത്തെ വളരെ പെട്ടെന്ന് തന്നെ
അവൾ തിരിച്ചറിഞ്ഞു, ഒരു ചെറിയ ഞെട്ടലോടെ. ജാള്യതയോടെ തന്നിലേക്ക്
തന്നെ അവൾ ഉറ്റു നോക്കി. മനോഹരമായ ബാക്കി എല്ലാത്തിനെയും
അവഗണിച്ചു ഈ ഒരു ഇടത്തിൽ മാത്രം എത്തിയിരുന്നതിനെപ്പറ്റി അവൾ
പരിതപിച്ചു. ആ ഒരു വാതിൽ എന്നെന്നേക്കുമായി അവൾ കൊട്ടിയടച്ചു! ആ
ഇടത്തെ തന്നെ ഇല്ലാതാക്കി!
ഒന്നു ദീർഘനിശ്വസിച്ചുകൊണ്ട് അവൾ വേഗത്തിൽ തിരിഞ്ഞു
നടന്നു. മനോരഞ്ജകമായ അനുഭവങ്ങൾ സമ്മാനിക്കുന്ന തന്റെ മനസ്സിലെ
ഇടങ്ങളിലേക്കുള്ള വാതിലുകൾ ഒന്നൊന്നായി അവൾ തുറന്നുകൊണ്ടേയിരുന്നു.
Comments
Post a Comment